Saturday, October 17, 2009

ടൂത്ത്‌പിക്കുകള്‍ പല്ലിട കുത്താനുള്ളതല്ല


നിയാണ്ടര്‍താല്‍ കാലഘട്ടത്തോളം പഴക്കമുണ്ട്‌ ടൂത്ത്‌പിക്കുകളുടെ ചരിത്രത്തിന്‌. ടൂത്ത്‌ബ്രഷ്‌ കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ്‌ ഉറപ്പുള്ളതും മൃദുവും കനംകുറഞ്ഞതുമായ മരക്കഷ്‌ണങ്ങളായിരുന്നു മനുഷ്യന്‍ പല്ല്‌ വൃത്തിയാക്കാനുപയോഗിച്ചിരുന്നതെന്നു നരവംശ ശാസ്‌ത്രജ്ഞര്‍ പറയുന്നു. വടക്കന്‍ ഇറ്റലിയിലെ ആല്‍പ്‌സ്‌ പര്‍വതനിരകളില്‍ കണ്ടെത്തിയ ചരിത്രാതീത കാലത്തെ ശവക്കല്ലറകളിലൊന്നില്‍ നിന്ന്‌ ചെമ്പ്‌ കൊണ്ടു നിര്‍മ്മിച്ച ടൂത്ത്‌പിക്കുകള്‍ കണ്ടെടുക്കപ്പെട്ടിരുന്നു. മെസപ്പെട്ടോമിയന്‍, റോമന്‍ സംസ്‌കാരങ്ങളിലും ഈ കുഞ്ഞുപകരണത്തിന്‌ പ്രാധാന്യമുണ്ടായിരുന്നുവെന്നും റോമില്‍ വെള്ളികൊണ്ട്‌ പല്ലുകുത്തികള്‍ നിര്‍മ്മിച്ചിരുന്നു എന്നും ചരിത്രം. പതിനേഴാം നൂറ്റാണ്ടില്‍ സമ്പന്നര്‍ക്ക്‌ ആഭരണങ്ങള്‍ക്കു സമാനമായ ആഢംബര വസ്‌തുവായിരുന്നു അത്‌. സ്വര്‍ണ്ണം തുടങ്ങിയ ലോഹങ്ങളും വിലകൂടിയ പലതരം കല്ലുകളും ടൂത്ത്‌പിക്കുണ്ടാക്കാന്‍ ഉപയോഗിക്കപ്പെട്ടു. 1869-ല്‍ ചാള്‍സ്‌ ഫോസ്‌റ്റര്‍ പല്ലുകുത്തി യന്ത്രം കണ്ടുപിടിച്ചു; 1972-ല്‍ സിലാസ്‌ നോബിളും ജെ.പി കൂളിയും ചേര്‍ന്നു നിര്‍മ്മിച്ച മറ്റൊരു യന്ത്രം പേറ്റന്റ്‌ നേടുകയും ചെയ്‌തു.

പല്ലിടയില്‍ കുത്തുന്നതിനുള്ള ഈ ചെറിയ ഉപകരണം, അര്‍ഹതയില്ലാത്തതിനാലാവാം അതിനപ്പുറത്തേക്ക്‌ വളര്‍ന്നില്ല. തീപ്പെട്ടിക്കമ്പോ സേഫ്‌റ്റി പിന്നോ പോലെ നിസ്സാരമായ ഉപകരണമായി അത്‌ സ്ഥിരപ്പെട്ടു. ഇപ്പോള്‍ അമേരിക്കക്കാരനായ സ്റ്റാന്‍ മുണ്‍റോ ആണ്‌ ടൂത്ത്‌പിക്കിനെ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്‌. സ്റ്റാനിന്റെ കൈയില്‍ അത്‌ പല്ലിട കുത്തുന്ന വസ്‌തുവല്ല, അത്ഭുതങ്ങള്‍ ഉണ്ടാക്കുവാനുള്ള ആയുധമാണ്‌.

ടൂത്ത്‌പിക്കുകള്‍ കൊണ്ട്‌ ലോകത്തെ വന്‍കെട്ടിടങ്ങളുടെ മിനിയേച്ചറുകള്‍ സൃഷ്ടിക്കുക എന്നതാണ്‌ ന്യൂയോര്‍ക്കിലെ സിറാക്യൂസ്‌ നിവാസിയായ സ്‌റ്റാന്‍ മുണ്‍റോയുടെ ഹോബി. ഹോബി അല്ല, ജീവിതം എന്നു പറയണം. 2004-ല്‍ ഈ ഉദ്യമത്തിലേക്ക്‌ മുന്നിട്ടിറങ്ങി ആദ്യ കൊള്ളി കൈയിലെടുത്തതിനു ശേഷം താജ്‌മഹല്‍, മസ്‌ജിദുല്‍ ഹറാം, തുര്‍ക്കിയിലെ സോഫിയ മസ്‌ജിദ്‌, ബുര്‍ജ്‌ അല്‍ ദുബൈ, ലണ്ടനിലെ കാനറി വാര്‍ഫ്‌, ന്യുയോര്‍ക്കിലെ സിറ്റികോര്‍പ്പ്‌ ബില്‍ഡിംഗ്‌, ബ്രൂക്ക്‌ലിന്‍ ടവര്‍, ക്രിസ്ലര്‍ ബില്‍ഡിംഗ്‌, ഡി.ഇസഡ്‌ ബാങ്ക്‌, എംപയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗ്‌, യാങ്കി സ്‌റ്റേഡിയം, വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍, ടൊറണ്ടോയിലെ റിയല്‍ സി.എന്‍ ടവര്‍, പാരീസിലെ ഈഫല്‍ ടവര്‍, ഗിസയിലെ പിരമിഡ്‌, ക്വീന്‍ മേരി 2 കപ്പല്‍, സിഡ്‌നിയിലെ ഓപ്പറ ഹൗസ്‌, ചൈനയിലെ റിയല്‍ തായ്‌പെയ്‌, ടോക്കിയോ സിറ്റി ഹാള്‍, ബ്രൂണൈയിലെ സുല്‍ത്താന്‍ ഉമര്‍ അലി മസ്‌ജിദ്‌, ജര്‍മനയിലെ ഗ്രേറ്റ്‌ സിനഗോഗ്‌ തുടങ്ങി നൂറ്റമ്പതോളം മിനിയേച്ചറുകള്‍ സ്‌റ്റാന്‍ മുണ്‍റോ സൃഷ്ടിച്ചു കഴിഞ്ഞു. ഒറിജിനലിനെ വെല്ലുന്ന നിര്‍മ്മിതികളാണ്‌ ഇവയില്‍ മിക്കതും. ലോകത്തെ ശ്രദ്ധേയമായ കെട്ടിടങ്ങളെല്ലാം അണിനിരത്തി നഗരങ്ങള്‍ സൃഷ്ടിക്കുകയാണ്‌ മുണ്‍റോ ചെയ്യുന്നത്‌. 2005-ലെ ഗ്രേറ്റ്‌ ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റ്‌ ഫെയറില്‍ പ്രദര്‍ശിപ്പിച്ച ടൂത്ത്‌പിക്ക്‌ സിറ്റി 1-ല്‍ അംബര ചുംബികളായ വന്‍ മന്ദിരങ്ങളെയാണ്‌ അണിനിരത്തിയത്‌. എവിടെ പ്രദര്‍ശിപ്പിക്കുമെന്ന്‌ നിശ്ചയിച്ചിട്ടില്ലാത്ത ടൂത്ത്‌പിക്ക്‌ സിറ്റി 2-ല്‍ ആരാധനാലയങ്ങളും ടവറുകളുമാണ്‌ ഒരുങ്ങുന്നത്‌. ഇസ്‌്‌ലാം, ക്രൈസ്‌തവ, ജൂത, ബുദ്ധ മതങ്ങളിലെ ആരാധനാലയങ്ങളും വന്‍നഗരങ്ങളുടെ മുദ്രകളായ ടവറുകളും പാലങ്ങളും ടൂത്ത്‌പിക്ക്‌ സിറ്റി 2-നു വേണ്ടി നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞു.

ടൂത്ത്‌പിക്ക്‌, പശ, പിന്നെ അപാരമായ ക്ഷമയും. സ്റ്റാന്‍ മുണ്‍റോയുടെ അസംസ്‌കൃത വസ്‌തുക്കള്‍ ഇവയാണ്‌. ഉരുണ്ടതും ചതുരാകൃതിയിലുള്ളതുമായ ടൂത്ത്‌പിക്കുകളാണ്‌ ഉപയോഗിക്കുന്നത്‌. മിനിയേച്ചര്‍ രൂപങ്ങളുടെ ഉള്‍വശം പൊള്ളയാണ്‌. കാര്‍ഡ്‌ബോര്‍ഡിനേക്കാളുറപ്പുണ്ട്‌ ടൂത്ത്‌പിക്കും പശയും ചേര്‍ന്ന മിശ്രിതത്തിനെന്നു പറയുന്നു മുണ്‍റോ. പണി കഴിഞ്ഞ രൂപങ്ങള്‍ സ്ഥലം മാറ്റാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കും. പൊടിപറ്റാം, വീണുടയാം- അതിനാല്‍ പണിക്കിടയിലെ ശ്രദ്ധ പോലെയാണ്‌ പണികഴിഞ്ഞവ കൊണ്ടുള്ള പെരുമാറ്റവും.

രണ്ടു കൊല്ലം ഇടവേളയില്ലാതെ പണിയെടുത്താണ്‌ ഒന്നാമത്തെ ടൂത്ത്‌പിക്ക്‌ സിറ്റി നിര്‍മ്മിച്ചത്‌. സ്റ്റാന്‍ പ്രതീക്ഷിക്കുന്നതു പോലെ ഇക്കൊല്ലം പണിതീരുകയാണെങ്കില്‍ ടൂത്ത്‌പിക്ക്‌ സിറ്റി 2-നു വേണ്ടി ചെലവാകുന്നത്‌ നാലു വര്‍ഷങ്ങളാണ്‌.

2003 വരെ ജന്മനഗരമായ റോചസ്‌റ്ററിലെ 13 വാം ടെലിവിഷനിലെ റിപ്പോര്‍ട്ടറായിരുന്നു സ്‌റ്റാന്‍ മുണ്‍റോ. അതിനു മുമ്പ്‌ അദ്ദേഹം ഡിറ്റക്ടീവ്‌ മാഗസിനുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. നഗരത്തിലുടനീളം സഞ്ചരിച്ച്‌ ക്രൈംസ്റ്റോറികളെഴുതി സ്‌റ്റാന്‍. പക്ഷേ, അക്കാലത്തും ശീലമായി ടൂത്ത്‌പിക്കിംഗ്‌ കൂടെയുണ്ടായിരുന്നു. വല്ലപ്പോഴും നിര്‍മിച്ചിരുന്ന രൂപങ്ങള്‍ വിശേഷാവസരങ്ങളില്‍ കൂട്ടുകാര്‍ക്ക്‌ സമ്മാനമായി നല്‍കി. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആര്‍ട്ട്‌ ടീച്ചറുടെ ആശയപ്രകാരമാണ്‌ സ്റ്റാന്‍ മുണ്‍റോ ആദ്യമായി ടൂത്ത്‌പിക്ക്‌ രൂപമുണ്ടാക്കുന്നത്‌. ആറ്‌ ഇഞ്ച്‌ ഉയരത്തില്‍, കോഴിമുട്ട താങ്ങിനിര്‍ത്താവുന്നൊരു രൂപമായിരുന്നു അത്‌.

2005-ല്‍ ടൂത്ത്‌പിക്ക്‌ സിറ്റി 1-മായി സ്റ്റാന്‍ ഗിന്നസ്‌ ബുക്ക്‌ അധികൃതരെ സമീപിച്ചു. ഏറ്റവും കൂടുതല്‍ ടൂത്ത്‌പിക്കുകളുപയോഗിച്ച്‌ ശില്‌പം നിര്‍മ്മിച്ചുവെന്ന റെക്കോര്‍ഡ്‌ മുണ്‍റോക്കു തന്നെ എന്നുറപ്പിച്ച ഘട്ടത്തില്‍, അമേരിക്കക്കാരനായ മറ്റൊരാള്‍ അപേക്ഷ സമര്‍പ്പിച്ചു. മൂന്ന്‌ ദശലക്ഷം ഫ്‌ളാറ്റ്‌ ടൂത്ത്‌പിക്കുകള്‍ (സാധാരണ ടൂത്ത്‌പിക്കുകളുടെ മൂന്നിലൊന്ന്‌ മാത്രം വലുപ്പമുള്ളവ) കുത്തിനിറച്ച്‌ നിര്‍മിതി നടത്തിയ അയാള്‍ റെക്കോര്‍ഡ്‌ കൊണ്ടുപോയി. തന്റെ ബില്‍ഡിംഗുകളുടെ ഉള്ളു പൊള്ളയാണെന്നും അതിനാല്‍ റെക്കോര്‍ഡ്‌ തനിക്കാണെന്നും അധികൃതരോട്‌ പറഞ്ഞു നോക്കി സ്‌റ്റാന്‍. "പൊള്ളയായ സ്ഥലങ്ങളില്‍ ടൂത്ത്‌പിക്കുകള്‍ നിറച്ചുവരൂ.' എന്നായിരുന്നു ഗിന്നസ്‌ അധികൃതരുടെ മറുപടി. രണ്ടാം ടൂത്ത്‌പിക്ക്‌ സിറ്റിക്കു പക്ഷേ, ലോക റെക്കോര്‍ഡ്‌ ഉറപ്പാണെന്ന്‌ സ്റ്റാന്‍ മുണ്‍റോക്ക്‌ ഉറച്ച വിശ്വാസമാണ്‌. തന്റെ നിര്‍മിതിയേക്കാളുയരത്തില്‍ ലോകത്തെവിടെയും മറ്റൊരു ടൂത്ത്‌പിക്ക്‌ സിറ്റി നിര്‍മിക്കപ്പെടുന്നില്ലെന്നദ്ദേഹം കരുതുന്നു.

ഒരു മണിക്കൂര്‍ മുതല്‍ ആറു മാസം വരെയാണ്‌ ഒരു നിര്‍മിതിക്കു വേണ്ടിയെടുക്കുക. വാഷിംഗ്‌ടണ്‍ സ്‌മാരകം ഒറ്റദിവസം കൊണ്ടാണ്‌ തീര്‍ത്തത്‌. യാങ്കി സ്‌റ്റേഡിയത്തിന്റെ പണിതീരാന്‍ ഒരു മാസമെടുത്തു. രണ്ടു മാസം കൊണ്ടാണ്‌ വത്തിക്കാന്‍ പണിതത്‌. ഏറ്റവുമധികം സമയമെടുത്തത്‌ ന്യൂയോര്‍ക്കിലെ ക്രിസ്ലര്‍ ബില്‍ഡിംഗ്‌ ഉണ്ടാക്കിത്തീര്‍ക്കാനാണ്‌. സ്റ്റാന്‍ മുണ്‍റോയുടെ ഡോക്ടറായ ഭാര്യയുടെ ഏറ്റവും പ്രിയപ്പെട്ട ബില്‍ഡിംഗായിരുന്നു അത്‌.

മതേതരത്വത്തിന്റെ പ്രതീകമാകാന്‍ പോകുന്ന ടൂത്ത്‌പിക്ക്‌ സിറ്റി-2 പ്രദര്‍ശിപ്പിക്കുന്നതെവിടെയെന്ന്‌ മുണ്‍റോ ഇനിയും തീരുമാനിച്ചിട്ടില്ല. ഉചിതമായ സ്ഥലം വല്ലതും നിങ്ങളുടെ മനസ്സിലുണ്ടെങ്കില്‍ stan@toothpickcity എന്ന വിലാസത്തിലേക്ക്‌ ഇമെയ്‌ല്‍ ചെയ്‌ത്‌ തന്നെ അറിയിക്കണമെന്ന്‌ സ്‌റ്റാന്‍ മുണ്‍റോ തന്റെ വെബ്‌സൈറ്റിലൂടെ ആരാധകരോടഭ്യര്‍ത്ഥിക്കുന്നു.

Sunday, September 13, 2009

പ്രകാശ്‌ രാജും മോഹന്‍ലാലും

മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ പ്രകാശ്‌ രാജിന്‌ പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഒരു പ്രമുഖ വിനോദ വെബ്‌സൈറ്റിലുണ്ടായ ചൂടേറിയ ചര്‍ച്ചകളിലൊന്ന്‌ തമിഴ്‌-കന്നഡ സിനിമാ പ്രാദേശികവാദമായിരുന്നു. മംഗലാപുരത്ത്‌ ജനിച്ച്‌, കന്നഡ നാടകങ്ങളിലും ദുരദര്‍ശന്‍ സീരിയലുകളിലും നടന വൈഭവം തെളിയിച്ച്‌, കന്ന സിനിമയില്‍ ചെറുവേഷങ്ങള്‍ ചെയ്‌ത്‌ വരവറിയിച്ചതിനു ശേഷമാണ്‌ പ്രകാശ്‌ "റായ്‌' അവസരങ്ങള്‍ തേടി തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ തലസ്ഥാനമായ ചെന്നൈയിലേക്ക്‌ വണ്ടികയറുന്നത്‌. കമല്‍ഹാസന്‍, രജനീകാന്ത്‌, ചിരഞ്‌ജീവി, ശ്രീവിദ്യ, സരിത, എസ്‌.പി. ബാലസുബ്രഹ്മണ്യം തുടങ്ങിയവരെപ്പോലെ പ്രകാശ്‌ റായിനെയും കണ്ടെത്തുന്നത്‌ അനുഗൃഹീത സംവിധായകന്‍ കെ. ബാലചന്ദറാണ്‌. തമിഴ്‌മക്കളുടെ മനസ്സ്‌ ശരിക്കറിയാവുന്ന ബാലചന്ദര്‍ ആ ചെറുപ്പക്കാരന്റെ പേരിലെ രണ്ടാം ഭാഗത്തു നിന്ന്‌്‌ "റായ്‌' വെട്ടിമാറ്റി "രാജ്‌' എന്ന്‌ എഴുതിച്ചേര്‍ത്തു. ബാലചന്ദറിന്റെ ഡ്യുയറ്റ്‌ എന്ന സിനിമയിലൂടെ അങ്ങനെ പ്രകാശ്‌ രാജ്‌ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. പ്രകാശ്‌ രാജിന്റെ കരിയറിലും തമിഴ്‌ സിനിമയിലും പിന്നീടെന്തു സംഭവിച്ചു എന്നതു തെന്നിന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രമായാണ്‌ രേഖപ്പെട്ടത്‌.

സിനിമാ വ്യവസായത്തിന്റെ കരുത്തിലും പെരുമയിലും തമിഴിന്റെ ഏഴയലത്തു വരില്ല തെന്നിന്ത്യയിലെ മറ്റൊരുഭാഷയും എന്നതു രഹസ്യമല്ല. കഴിവുള്ളവരെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുക എന്ന ലളിതമായ വിജയ സമവാക്യമാണ്‌ തമിഴ്‌ അവലംബിക്കുന്നത്‌. നിര്‍മ്മാണച്ചെലവ്‌ കോടികള്‍ കവിയുന്ന ടോളിവുഡിനെ ഇപ്പോള്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും മറ്റു ഭാഷകളില്‍ നിന്നു ചേക്കേറിയവരാല്ലണ്‌. പണത്തിന്റെയും മേനിയുടെയും കൊഴുപ്പുകള്‍ ആഘോഷിക്കുമ്പോള്‍ തന്നെ, ന കാഴ്‌ച വാഗ്‌ദാനം ചെയ്യുന്ന സമാന്തര ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തമിഴന്റെ ആസ്വാദന നിലവാരവും രസതന്ത്രവും വിചിത്രമാണ്‌. എല്ലാ അര്‍ത്ഥത്തിലുമുള്ള "നല്ല സിനിമ'യുടെ സാധ്യത തമിഴകത്തായതു കൊണ്ടാണ്‌ കന്നഡയും തുളുവും മലയാളവും ഹിന്ദിയും ബംഗാളിയും മാതൃഭാഷയായിട്ടുള്ളവര്‍ അവിടെ ഇടം തേടുന്നത്‌. അതിനാല്‍, തീവ്ര കന്നഡാ വാദിയായ ഒരു അജ്ഞാതന്‍ ഇന്റര്‍നെറ്റിലെ പ്രതികരണവേദികളിലൊന്നില്‍ അഭിപ്രായപ്പെട്ട പോലെ "മലയാളിയായ സംവിധായകന്റെ തമിഴ്‌ ചിത്രത്തില്‍ അഭിനയിച്ച്‌ പുരസ്‌കാരം നേടിയ കന്നഡക്കാരന്‍' എന്ന വിശേഷണമല്ല പ്രകാശ്‌ രാജ്‌ എന്ന മഹാനായ കലാകാരനു ചേരുക. ഈ "കണ്ടെത്തലി'ന്‌ ഒരു തമിഴ്‌മകന്‍ ഇങ്ങനെയാണ്‌ മറുപടി നല്‍കിയത്‌:: "തമിഴിലേക്കു മാറാന്‍ പ്രകാശ്‌ രാജെടുത്ത തീരുമാനം നന്നായി. അതിനാല്‍ അദ്ദേഹത്തിന്‌ മൂന്ന്‌ ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. ഇല്ലെങ്കില്‍ 50 ശതമാനം തമിഴില്‍ നിന്നും 40 ശതമാനം തെലുങ്കില്‍ നിന്നും റീമേക്ക്‌ ചെയ്യപ്പെടുന്ന കന്നഡപ്പടങ്ങളില്‍ അഭിനയിച്ച്‌ അദ്ദേഹം നശിച്ചുപോയേനെ.' ശരിയായിരിക്കാം, 55 വര്‍ഷങ്ങള്‍ക്കിടെ മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരം വെറും രണ്ടു തവണ മാത്രം കരസ്ഥമാക്കിയ കന്നഡ ഭാഷയിലെ സിനിമയില്‍ പ്രകാശ്‌ രാജ്‌ ഒതുങ്ങിപ്പോയിരുന്നെങ്കില്‍ അത്‌ തെന്നിന്ത്യന്‍ സിനിമയുടെ നഷ്ടമാകുമായിരുന്നു.

അല്ലെങ്കിലും തമിഴ്‌, തെലുങ്ക്‌, കന്നഡ, മലയാളം ഭാഷകളിലായി ഇരുന്നൂറ്റി അമ്പതിലധികം സിനിമകളിലഭിനയിച്ച, ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പ്രതിനായക നടനായി മാറിക്കഴിഞ്ഞ പ്രകാശ്‌ രാജിന്റെ പേര്‌ പ്രാദേശിക വാദവുമായോ ഭാഷകളുമായോ ഇണങ്ങുന്നതല്ല. കര്‍ണ്ണാടകയില്‍ ജനിച്ച അദ്ദേഹത്തിന്റെ മാതൃഭാഷ തുളുവാണെന്ന്‌ കേട്ടിട്ടുണ്ട്‌. പറഞ്ഞ സമയത്തിന്‌ സൈറ്റിലെത്താത്തതിന്റെ പേരില്‍ തെലുങ്കിലെ നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അത്‌ നീങ്ങിക്കിട്ടുന്നതിനു വേണ്ടി പ്രകാശ്‌ രാജ്‌ നിരാഹാരമിരുന്നത്‌ ഒന്നരക്കൊല്ലം മുമ്പാണ്‌ - മറ്റു ഭാഷകളില്‍ നിന്നുള്ള ഓഫറുകള്‍ക്ക്‌ തന്നെ ഡേറ്റ്‌ കൊടുക്കാന്‍ കഴിയാത്തത്ര തിരക്കുള്ളപ്പോള്‍. ഏതു ഭാഷയിലായാലും തന്റെ കഥാപാത്രത്തിനു താന്‍ തന്നെ ശബ്ദം നല്‍കണമെന്നു ശാഠ്യം പിടിക്കുകയും അതിനു സമയം കണ്ടെത്തുകയും ചെയ്യുന്ന അദ്ദേഹത്തിന്‌ ആറു ഭാഷകള്‍ നിഷ്‌പ്രയാസം കൈകാര്യം ചെയ്യാനാവും.

1998-ല്‍ മണിരത്‌നത്തിന്റെ "ഇരുവറി'ല്‍ മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തിന്‌ ലഭിച്ച പ്രത്യേക ജൂറി അവാര്‍ഡിലൂടെയാണ്‌ പ്രകാശ്‌ രാജ്‌ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്‌. മണിരത്‌നത്തിന്റെ 1997-ലെ "നേട്രു, ഇന്‍റു, നാളൈ' എന്ന സ്‌റ്റേജ്‌ ഷോയില്‍ അംഗമായിരുന്നു. സ്വഭാവനടനായും കൊമേഡിയനായും തിളങ്ങുന്ന പ്രകാശ്‌ രാജിനെ കൂടുതലും ശ്രദ്ധേയനാക്കിയത്‌്‌ പ്രതിനായക കഥാപാത്രങ്ങളാണ്‌. തെലുങ്കിലെ "ഒക്കാഡു'വില്‍ ഭൂമിക ചൗളയുടെ കഥാപാത്രവുമായി പ്രണയത്തിലായ അധോലോകനായകനെ അവതരിപ്പിച്ച പ്രകാശ്‌രാജ്‌ പരമ്പരാഗത പ്രതിനായക സങ്കല്‍പ്പങ്ങളെ അമ്പരപ്പിക്കുന്ന അഭിനയമാണ്‌ പ്രദര്‍ശിപ്പിച്ചത്‌. പിന്നീട്‌ ഈ ചിത്രം തമിഴില്‍ "ഗില്ലി'യായി വന്നപ്പോഴും പ്രതിനായക സ്ഥാനത്ത്‌ പ്രകാശ്‌ രാജിനു പകരക്കാരനില്ലായിരുന്നു. തെലുങ്ക്‌ ചിത്രമായ അമ്മ നന്ന ഓ തമിള അമ്മായി (തമിഴ്‌: എം കുമരന്‍ സണ്‍ഓഫ്‌ മഹാലക്ഷ്‌മി)യിലെ ഗുസ്‌തിക്കാരന്‍, ബൊമ്മറിലുവിലെ (തമിഴ്‌: സന്തോഷ്‌ സുബ്രഹ്മണ്യം) സ്വാര്‍ത്ഥനായ അച്ഛന്‍, അറിന്തും അറിയാമലിലെ അധി നാരായണന്‍, അന്ന്യനിലെ ഡി.സി.പി പ്രഭാകര്‍, വേട്ടയാട്‌ വിളയാടിലെ ആരോഗ്യരാജ്‌, പോക്കിരിയിലെ അലിഭായ്‌, വില്ലിലെ ജെ.ഡി... പ്രകാശ്‌ രാജിലെ പ്രതിനായക നടന്‍ ഓരോ സിനിമയിലും വ്യത്യസ്‌തമായ അനുഭവമാണ്‌ പ്രേക്ഷകന്‌ നല്‍കിയത്‌. അപ്പോഴും തന്റെ പ്രതിനായക കഥാപാത്രങ്ങള്‍ "വില്ലന്‍' എന്ന്‌ വിളിക്കരുതെന്നും അവ വെറും നെഗറ്റീവ്‌ വേഷങ്ങളാണെന്നും ഒരു ടി.വി അഭിമുഖത്തില്‍ പ്രകാശ്‌ രാജ്‌ പറയുന്നുണ്ട്‌. നായികയെ ബലാത്സംഗം ചെയ്യുകയും അകാരണമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന പരമ്പരാഗത വില്ലന്‍ വേഷങ്ങള്‍ താന്‍ പരമാവധി ഒഴിവാക്കാറുണ്ടന്നും ജീവിതഗന്ധിയായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനാണ്‌ എപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

അഞ്ചു ഭാഷകളില്‍ പ്രശസ്‌തരും അപ്രശസ്‌തരുമായ എഴുപതിലധികം സംവിധായകരുടെ കീഴില്‍ ജോലി ചെയ്‌ത അറിവും പരിചയവുമുള്ള പ്രകാശ്‌ രാജ്‌, ക്യാമറക്കു മുന്നിലെത്തുമ്പോള്‍ നടന്‍ മാത്രമാണ്‌. സിനിമക്കു പുറത്തെ നടന്‍ ജീവിതത്തെ ക്രിയാത്മകമായി നോക്കിക്കണ്ടാല്‍ മതിയെന്നും ശൂന്യമായ മനസ്സോടെ വേണം സെറ്റിലെത്തേണ്ടതെന്നും നടനെ രൂപപ്പെടുത്തുന്നത്‌ സംവിധായകനാണെന്നുമുള്ള തിരിച്ചറിവാണ്‌ അദ്ദേഹത്തിന്റെ വിജയ രഹസ്യം. ഏതു റോള്‍ ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം നടനിലെ വ്യക്തിക്കുണ്ട്‌, എന്നാല്‍ ക്യാമറക്കു മുന്നിലെത്തിക്കഴിഞ്ഞാല്‍ സംവിധായകന്റെ നിര്‍ദ്ദേശത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കുക മാത്രമാണ്‌ നടന്റെ ദൗത്യമെന്ന്‌ പ്രകാശ്‌ രാജ്‌ ഒരിക്കല്‍ പറഞ്ഞു. കാഞ്ചീവരത്തിലെ പ്രകടനത്തിന്‌ അംഗീകാരം ലഭിച്ചപ്പോള്‍, എല്ലാ ക്രെഡിറ്റും അദ്ദേഹം നല്‍കുന്നത്‌ സംവിധായകനായ പ്രിയദര്‍ശനാണ്‌. അനുസരണയുള്ള കലാകാരനായിരിക്കുമ്പോള്‍ തന്നെ, സമയക്രമം പാലിക്കാത്ത "ചീത്തക്കുട്ടി'യാണ്‌ താനെന്നും നിയമങ്ങളെ തനിക്കു വെറുപ്പാണെന്നും തുറന്നു പറയാന്‍ അദ്ദേഹത്തിനു മടിയില്ല. എന്നാല്‍, തനിക്കു വെല്ലുവിളിയുയര്‍ത്തുന്ന വേഷമാണെങ്കില്‍ സെറ്റില്‍ ആദ്യമെത്തുക പ്രകാശ്‌ രാജായിരിക്കുമെന്നു സാക്ഷ്യപ്പെടുത്തുന്നത്‌ സാക്ഷാല്‍ കമല്‍ഹാസനാണ്‌. സിനിമാ നടന്‍ എന്ന നിലയില്‍ നേടിയെടുത്ത പ്രസിദ്ധിക്കും പണത്തിനും പിന്നില്‍ എന്താണെന്ന്‌ ഒരു അഭിമുഖകാരന്‍ ചോദിച്ചപ്പോള്‍ പ്രകാശ്‌ രാജ്‌ പറഞ്ഞത്‌ കഠിനാധ്വാനം, അര്‍പ്പണ ബോധം തുടങ്ങിയ കനമേറിയ വാക്കുകളല്ല; വെറും ഭാഗ്യം മാത്രം എന്നാണ്‌.

വില്ലന്‍ വേഷത്തിനു പുറത്താവുമ്പോഴും പ്രകാശ്‌ രാജിലെ അഭിനേതാവിനു തിളക്കം കുറയുന്നില്ല. അസ്വാഭാവികമായ ആ ആകാരം പ്രതിനായകനു പുറമെ മറ്റു പല വേഷങ്ങള്‍ക്കും ചേരുമെന്ന്‌ അദ്ദേഹം തെളിയിച്ചു. പ്രതിനായകനല്ലാതാകുമ്പോഴുള്ള പ്രകാശ്‌ രാജ്‌ തീര്‍ത്തും വ്യത്യസ്‌തനാണ്‌. "മൊഴി'യിലെ, ജീവിതത്തെ നര്‍മ്മബോധത്തോടെ നോക്കിക്കാണുന്ന വിജി എന്ന സംഗീതജ്ഞന്‍, അഭിയും നാനിലെ വാത്സല്യനിധിയായ അച്ഛന്‍, പാണ്ടിപ്പടയിലെ "റൊമാന്റിക്‌' ആയ കാമുകന്‍... പ്രകാശ്‌ രാജിന്റെ "റേഞ്ച്‌' അപാരമാണ്‌. പ്രകാശ്‌ രാജിനെ "മൊഴി'യില്‍ കണ്ടു തുടങ്ങുന്ന ഒരു പ്രേക്ഷകന്‌ അദ്ദേഹത്തെ ഒരു വില്ലനായി സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഉദയനാണു താരത്തിന്റെ റീമേക്കായ വെള്ളിത്തിരൈയിലെ സൂപ്പര്‍സ്റ്റാര്‍ വേഷം പ്രതീക്ഷിച്ച നിലവാരത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിപ്രായത്തോട്‌ യോജിച്ച്‌ അദ്ദേഹം സിനിമ എന്ന മാധ്യമത്തോടുള്ള സത്യസന്ധത വെളിപ്പെടുത്തിയിട്ടുമുണ്ട്‌.

കെ.ബാലചന്ദറിനെ തന്റെ ഗുരുവും വഴികാട്ടിയുമായി പ്രഖ്യാപിക്കുന്ന പ്രകാശ്‌ രാജ്‌, അദ്ദേഹത്തിനു കീഴില്‍ താന്‍ അരങ്ങേറ്റം കുറിച്ച "ഡ്യൂയറ്റി'ന്റെ പേരില്‍ തുടങ്ങിയ സിനിമാ നിര്‍മ്മാണ കമ്പനി തമിഴ്‌ സിനിമയില്‍ ശ്രദ്ധേയമായ സ്ഥാനമാണ്‌ നേടിയത്‌. യുവ സംവിധായകന്‍ രാധാ മോഹനുമായി പ്രകാശ്‌ രാജിനുള്ള സൗഹൃദമാണ്‌ ഡ്യുയറ്റ്‌ മൂവീസിന്റെ മുക്കാല്‍ പങ്കും. ഡ്യുയറ്റിനു കീഴില്‍ രാധാമോഹന്‍ സംവിധാനം ചെയ്‌ത മൂന്നു സിനിമകളും - അഴഗിയ തീയേ, മൊഴി, അബിയും നാനും- പുതിയ പ്രമേയങ്ങളിലൂന്നിയ പരീക്ഷണ ചിത്രങ്ങളായിരുന്നു. തമിഴ്‌ ജനത മൂന്നിനെയും ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഈ പതിറ്റാണ്ടില്‍ തമിഴ്‌ സിനിമയിലുണ്ടായ മാറ്റത്തില്‍ രാധാമോഹന്‍-പ്രകാശ്‌ രാജ്‌ കൂട്ടുകെട്ടിന്റെ സിനിമകള്‍ ചെറുതല്ലാത്ത പങ്കാണ്‌ വഹിച്ചത്‌. . വെല്ലുവിളിയുയര്‍ത്തുന്ന വേഷങ്ങള്‍ തെരഞ്ഞുപിടിക്കുന്ന നടന്റേതില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമാണ്‌ പ്രകാശ്‌ രാജിലെ നിര്‍മാതാവിന്റെ കാഴ്‌ചപ്പാടുകളും രീതികളുമെന്ന്‌ രാധാമോഹന്റേതടക്കം ഡ്യൂയറ്റ്‌ നിര്‍മ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്‌ത സിനിമകള്‍ തെളിയിച്ചു. പുതിയ വിഷയങ്ങളില്‍ സിനിമ നിര്‍മ്മിക്കുന്നതിലും പുതുമുഖങ്ങള്‍ക്ക്‌ അവസരം നല്‍കുന്നതിലുമാണ്‌ ഡ്യുയറ്റ്‌ ശ്രദ്ധിച്ചത്‌. അതിനിടയില്‍, കെ. ബാലചന്ദറിന്റെ "പൊയ്‌' നിര്‍മ്മിച്ചു കൊണ്ട്‌ പ്രകാശ്‌ രാജ്‌ ഗുരുവിനോടുള്ള ആദരവ്‌ ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചു. അബിയും നാനും കന്നഡയില്‍ റീമേക്ക്‌ ചെയ്‌ത്‌ പ്രകാശ്‌ രാജിന്റെ നിര്‍മ്മാണ ശ്രമം തന്റെ ജന്മനാട്ടിലുമെത്തി.

മൃദുസ്വഭാവിയും ഫലിതപ്രിയനുമാണ്‌ പ്രകാശ്‌ രാജ്‌ എന്ന വ്യക്തി. ചലച്ചിത്ര രംഗത്ത്‌ ഒന്നും താന്‍ നേടിയെടുത്തതല്ല എന്നാണ്‌ അദ്ദേഹം പറയുന്നത്‌; എല്ലാം വെറുതെ സംഭവിച്ചതാണ്‌. മറ്റുള്ളവരില്‍ നിന്ന്‌ തന്നെ വ്യത്യസ്‌തനാക്കുന്ന ഘടകമെന്താണെന്ന അഭിമുഖക്കാരുടെ പരമ്പരാഗത ചോദ്യത്തിന്‌ അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല എന്നാണ്‌ അദ്ദേഹം മറുപടി പറഞ്ഞത്‌. മറ്റൊരിക്കല്‍, സിനിമ തന്റെ സ്വപ്‌നമായിരുന്നുവെന്നും അഭിനയിക്കാന്‍ വേണ്ടി മാത്രമാണ്‌ താന്‍ ജനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരന്ന വായനയും ലോകസിനിമയെ കുറിച്ചുള്ള അവഗാഹവും ആളുകളെ വിലയിരുത്താനുള്ള അസാധാരണാംവിധമുള്ള പാടവവും അദ്ദേഹത്തെ ഇന്ത്യന്‍ സിനിമാ രംഗത്തു തന്നെ വേറിട്ടുനിര്‍ത്തുന്നു.

കാഞ്ചീവരത്തിന്റെ കഥാതന്തു പ്രിയദര്‍ശന്‍ വിവരിച്ചപ്പോള്‍ തന്നെ അതിലഭിനയിക്കാമെന്ന്‌ വാക്കു കൊടുക്കുകയായിരുന്നു പ്രകാശ്‌ രാജ്‌. പ്രിയന്റെ ഈ നല്ല സിനിമക്കു വേണ്ടി കോടികള്‍ പ്രതിഫലം കിട്ടുന്ന ആറ്‌ കൊമേഴ്‌സ്യല്‍ സിനിമകളെങ്കിലും അദ്ദേഹം വേണ്ടെന്നു വെച്ചു. പ്രിയദര്‍ശന്‍ കാഞ്ചീവരത്തെ കുറിച്ച്‌ ആദ്യം സംസാരിച്ചത്‌ മോഹന്‍ലാലുമായാണ്‌. എന്നാല്‍, മലയാളത്തിലെ "തിരക്കു' മൂലം ലാല്‍ പിന്മാറുകയായിരുന്നു. നാലു ഭാഷകളിലെ വമ്പന്‍ പ്രൊജക്ടുകള്‍ മാറ്റിവെച്ച്‌ നല്ല സിനിമക്കൊപ്പം നില്‍ക്കാന്‍ പ്രകാശ്‌ രാജ്‌ കാണിച്ച താത്‌പര്യത്തിനുള്ള അംഗീകാരമാണ്‌ ഈ അവാര്‍ഡ്‌. കാഞ്ചീവരത്തിലെ നെയ്‌ത്തുതൊഴിലാളിയുടെ വേഷത്തിനു ലഭിച്ച ഈ വലിയ പുരസ്‌കാരം പ്രകാശ്‌ രാജ്‌ ഇത്രയും കാലത്തിനിടക്ക്‌ അഭിനയിച്ചു ഫലിപ്പിച്ച, വ്യത്യസ്‌തത മുറ്റിനില്‍ക്കുന്ന ഓരോ കഥാപാത്രത്തിനും കൂടിയുള്ളതാണ്‌.

Saturday, September 5, 2009

പതിപ്പുകളുടെ ഓണക്കാലം

ഓണ്‍ലൈന്‍ ഓണം
ബീവറേജ്‌സ്‌ കോര്‍പ്പറേഷനും ഗൃഹോപകരണ-വസ്‌ത്ര വ്യാപാരികള്‍ക്കുമെന്ന പോലെ മലയാള സാഹിത്യത്തിനും സമൃദ്ധിയുടേതാണ്‌ ഓണക്കാലം. ഓണത്തോടൊപ്പം വരവായി നൂറുനൂറായിരം ഓണപ്പതിപ്പുകള്‍. നല്ലതും നല്ലതല്ലാത്തതുമായ എഴുത്തിന്റെയും സാഹിത്യത്തിന്റെയും ചാകരക്കാലമാണ്‌ ഓണം. പേന പൂട്ടി മൗനമിരിക്കുന്ന മഹാസാഹിത്യകാരന്മാരെക്കൊണ്ട്‌ പത്രാധിപന്മാര്‍ സൃഷ്ടികള്‍ പ്രസവിപ്പിക്കും. കഥയും കവിതയും എഴുതാനില്ലെങ്കില്‍ അനുഭവം മാത്രം മതി. അല്ലെങ്കില്‍ നിങ്ങളെ കുറിച്ച്‌ അവര്‍ ആളെ വെച്ച്‌ എഴുതിച്ചു കൊള്ളും.
ഈ ഓണക്കാലവും മലയാളഭാഷക്ക്‌ ഐശ്വര്യത്തിന്റെ കാലമായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വായന `ഭേദ'മായിരുന്നു ഇക്കൊല്ലം. വ്യത്യസ്‌തവും വായനക്ഷമവുമായ ഒന്നിലധികം ഓണപ്പതിപ്പുകള്‍ അച്ചടിക്കപ്പെട്ടു. കച്ചവടം മാത്രം മുന്നില്‍ക്കണ്ട്‌ `സ്‌പെഷ്യലൈസ്‌' ചെയ്‌ത വിഷയങ്ങളാല്‍ പതിവിന്‍പടി ഇക്കൊല്ലവും മേനിക്കടലാസുകള്‍ വര്‍ണശബള
മായെങ്കിലുംല്ല വായനക്കുള്ള വകുപ്പുണ്ടായിരുന്നു എന്ന്‌ ആത്മവിശ്വാസത്തോടെ പറയാം.
ഭാഷ കടലാസു പ്രതലം വിട്ട്‌ ഓണ്‍ലൈനിലേക്ക്‌ ചേക്കേറിയതിനാല്‍ ഇന്റര്‍നെറ്റിലെ സാഹിത്യലോകത്തും കണ്ടു ഓണക്കഥകളുടെയും കവിതകളുടെയും വിചാരപ്പെടലുകളുടെയും തിരക്ക്‌. ഓണപ്പതിപ്പുകളും കണ്ടു. അവയിലേറ്റവും ശ്രദ്ധിക്കപ്പെട്ടത്‌ സ്വയമേ ഒരോണപ്പതിപ്പായി മാറിയ ബ്ലോഗാണ്‌. `ബൂലോക'ത്തെ കവിതാ മാഗസിനായ ബൂലോക കവിതയുടെ ഓണപ്പതിപ്പാണിത്‌. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ആവുംവിധം ഉപയോഗപ്പെടുത്തി ബൂലോകര്‍ സൃഷ്ടിച്ച ഓണപ്പതിപ്പ്‌ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ചു നിന്നു.
മലയാളം ബ്ലോഗര്‍മാര്‍ നിര്‍മിച്ച പരോള്‍ എന്ന മലയാള സിനിമ പൂര്‍ണ്ണമായി ഉള്‍പ്പെടുത്തി എന്നതാണ്‌ ഈ പതിപ്പിന്റെ ഏറ്റവും വലിയ സവിശേഷതയെന്നു തോന്നുന്നു. മലയാളത്തിലെ ആദ്യ ബ്ലോഗ്‌ ചിത്രമായ പരോളിന്റെ തിരക്കഥയും ലഭ്യമായിരുന്നു. മലയാളം ബ്ലോഗില്‍ ആദ്യമായി ഒരു മുഴുനീള സിനിമാ പ്രദര്‍ശനം എന്ന സവിശേഷതയുമുണ്ടായിരുന്നു. പരിമിതികള്‍ക്കുള്ളില്‍ നിന്നു നിര്‍മ്മിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്‌ത ഈ `ഓണച്ചിത്ര'ത്തെ പ്രേക്ഷകര്‍ സ്വീകരിച്ചു എന്ന്‌ അതിനു ലഭിച്ച കമന്റുകള്‍ തെളിവ്‌.
സിനിമക്കു പുറമേ വീഡിയോ ക്ലിപ്പുകള്‍, കവികള്‍ കവിത ചൊല്ലുന്നതിന്റെയും മറ്റൊരു സംഭാഷണത്തിന്റെയും ഓഡിയോ ക്ലിപ്പുകള്‍ തുടങ്ങിയവയും പുതുമയായി. അച്ചടിപ്പതിപ്പുകളിലുണ്ടാകാറുള്ള ചെറുകഥകള്‍, കവിതകള്‍, തിരക്കഥകള്‍, ലേഖനങ്ങള്‍, ഫോട്ടോകള്‍ എല്ലാം ഇവക്കു പുറമെ. നല്ല വായനയും കേള്‍വിയും കാഴ്‌ചയും പ്രദാനം ചെയ്‌ത ഓണപ്പതിപ്പ്‌ മലയാളത്തിന്റെ സാഹിത്യ-സാംസ്‌കാരിക ചരിത്രത്തില്‍ അടയാളപ്പെടുമെന്നതു തീര്‍ച്ച.
മനോഹരമായ ലേഔട്ടില്‍, ആര്‍ഭാടങ്ങളില്ലാതെയാണ്‌ അണിയറ ശില്‌പികള്‍ ഓണപ്പതിപ്പ്‌ ഒരുക്കിയിരിക്കുന്നത്‌. വെബ്‌പേജിന്റെ സാധ്യതകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അമിതമായ ആര്‍ഭാടങ്ങളില്ലാത്ത ലേ ഔട്ട്‌ മനോഹരം. ഒന്നിലധികം പേര്‍ ഇരുന്നു ചെയ്‌തതിന്റെ വൃത്തി കാണാനുണ്ട്‌ ഓണപ്പതിപ്പിന്റെ ഓരോ താളിലും.
അണിയറക്കാര്‍ അഭിനന്ദനം മാത്രമല്ല, പിന്തുണയും അര്‍ഹിക്കുന്നുണ്ട്‌.


എസ്‌.എം.എസ്‌
1
ചിരി - ജീവിതത്തിന്റെ മേല്‍വിലാസമാണ്‌.
ചിരി - വിജയത്തിലേക്കുള്ള വഴിയാണ്‌.
ചിരി - ഹൃദയം കവരാനുള്ള എളുപ്പവഴിയാണ്‌.
ചിരി - നല്ല മനസ്സിന്റെ പ്രകടനമാണ്‌.
ചിരി - വ്യക്തിത്വത്തിന്റെ പ്രകാശനമാണ്‌.
ചിരി - ഏതു കോപവും അലിയിച്ചു കളയാനുള്ള മാന്ത്രിക മരുന്നാണ്‌.
.
.
.
എന്നു കരുതി ഒരു മാതിരി മറ്റേ ഇളി ഇളിക്കരുത്‌.
2
ആണ്‍കുട്ടികളുടെ ഹൃദയങ്ങള്‍ പുണ്യസ്ഥലങ്ങളാണ്‌. അതു കൊണ്ടാണ്‌ അവര്‍ I love you
എന്നു പറയുമ്പോള്‍ പെണ്‍കുട്ടികള്‍ ചെരിപ്പ്‌ അഴിക്കുന്നത്‌.