Saturday, September 5, 2009

പതിപ്പുകളുടെ ഓണക്കാലം

ഓണ്‍ലൈന്‍ ഓണം
ബീവറേജ്‌സ്‌ കോര്‍പ്പറേഷനും ഗൃഹോപകരണ-വസ്‌ത്ര വ്യാപാരികള്‍ക്കുമെന്ന പോലെ മലയാള സാഹിത്യത്തിനും സമൃദ്ധിയുടേതാണ്‌ ഓണക്കാലം. ഓണത്തോടൊപ്പം വരവായി നൂറുനൂറായിരം ഓണപ്പതിപ്പുകള്‍. നല്ലതും നല്ലതല്ലാത്തതുമായ എഴുത്തിന്റെയും സാഹിത്യത്തിന്റെയും ചാകരക്കാലമാണ്‌ ഓണം. പേന പൂട്ടി മൗനമിരിക്കുന്ന മഹാസാഹിത്യകാരന്മാരെക്കൊണ്ട്‌ പത്രാധിപന്മാര്‍ സൃഷ്ടികള്‍ പ്രസവിപ്പിക്കും. കഥയും കവിതയും എഴുതാനില്ലെങ്കില്‍ അനുഭവം മാത്രം മതി. അല്ലെങ്കില്‍ നിങ്ങളെ കുറിച്ച്‌ അവര്‍ ആളെ വെച്ച്‌ എഴുതിച്ചു കൊള്ളും.
ഈ ഓണക്കാലവും മലയാളഭാഷക്ക്‌ ഐശ്വര്യത്തിന്റെ കാലമായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വായന `ഭേദ'മായിരുന്നു ഇക്കൊല്ലം. വ്യത്യസ്‌തവും വായനക്ഷമവുമായ ഒന്നിലധികം ഓണപ്പതിപ്പുകള്‍ അച്ചടിക്കപ്പെട്ടു. കച്ചവടം മാത്രം മുന്നില്‍ക്കണ്ട്‌ `സ്‌പെഷ്യലൈസ്‌' ചെയ്‌ത വിഷയങ്ങളാല്‍ പതിവിന്‍പടി ഇക്കൊല്ലവും മേനിക്കടലാസുകള്‍ വര്‍ണശബള
മായെങ്കിലുംല്ല വായനക്കുള്ള വകുപ്പുണ്ടായിരുന്നു എന്ന്‌ ആത്മവിശ്വാസത്തോടെ പറയാം.
ഭാഷ കടലാസു പ്രതലം വിട്ട്‌ ഓണ്‍ലൈനിലേക്ക്‌ ചേക്കേറിയതിനാല്‍ ഇന്റര്‍നെറ്റിലെ സാഹിത്യലോകത്തും കണ്ടു ഓണക്കഥകളുടെയും കവിതകളുടെയും വിചാരപ്പെടലുകളുടെയും തിരക്ക്‌. ഓണപ്പതിപ്പുകളും കണ്ടു. അവയിലേറ്റവും ശ്രദ്ധിക്കപ്പെട്ടത്‌ സ്വയമേ ഒരോണപ്പതിപ്പായി മാറിയ ബ്ലോഗാണ്‌. `ബൂലോക'ത്തെ കവിതാ മാഗസിനായ ബൂലോക കവിതയുടെ ഓണപ്പതിപ്പാണിത്‌. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ആവുംവിധം ഉപയോഗപ്പെടുത്തി ബൂലോകര്‍ സൃഷ്ടിച്ച ഓണപ്പതിപ്പ്‌ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ചു നിന്നു.
മലയാളം ബ്ലോഗര്‍മാര്‍ നിര്‍മിച്ച പരോള്‍ എന്ന മലയാള സിനിമ പൂര്‍ണ്ണമായി ഉള്‍പ്പെടുത്തി എന്നതാണ്‌ ഈ പതിപ്പിന്റെ ഏറ്റവും വലിയ സവിശേഷതയെന്നു തോന്നുന്നു. മലയാളത്തിലെ ആദ്യ ബ്ലോഗ്‌ ചിത്രമായ പരോളിന്റെ തിരക്കഥയും ലഭ്യമായിരുന്നു. മലയാളം ബ്ലോഗില്‍ ആദ്യമായി ഒരു മുഴുനീള സിനിമാ പ്രദര്‍ശനം എന്ന സവിശേഷതയുമുണ്ടായിരുന്നു. പരിമിതികള്‍ക്കുള്ളില്‍ നിന്നു നിര്‍മ്മിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്‌ത ഈ `ഓണച്ചിത്ര'ത്തെ പ്രേക്ഷകര്‍ സ്വീകരിച്ചു എന്ന്‌ അതിനു ലഭിച്ച കമന്റുകള്‍ തെളിവ്‌.
സിനിമക്കു പുറമേ വീഡിയോ ക്ലിപ്പുകള്‍, കവികള്‍ കവിത ചൊല്ലുന്നതിന്റെയും മറ്റൊരു സംഭാഷണത്തിന്റെയും ഓഡിയോ ക്ലിപ്പുകള്‍ തുടങ്ങിയവയും പുതുമയായി. അച്ചടിപ്പതിപ്പുകളിലുണ്ടാകാറുള്ള ചെറുകഥകള്‍, കവിതകള്‍, തിരക്കഥകള്‍, ലേഖനങ്ങള്‍, ഫോട്ടോകള്‍ എല്ലാം ഇവക്കു പുറമെ. നല്ല വായനയും കേള്‍വിയും കാഴ്‌ചയും പ്രദാനം ചെയ്‌ത ഓണപ്പതിപ്പ്‌ മലയാളത്തിന്റെ സാഹിത്യ-സാംസ്‌കാരിക ചരിത്രത്തില്‍ അടയാളപ്പെടുമെന്നതു തീര്‍ച്ച.
മനോഹരമായ ലേഔട്ടില്‍, ആര്‍ഭാടങ്ങളില്ലാതെയാണ്‌ അണിയറ ശില്‌പികള്‍ ഓണപ്പതിപ്പ്‌ ഒരുക്കിയിരിക്കുന്നത്‌. വെബ്‌പേജിന്റെ സാധ്യതകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അമിതമായ ആര്‍ഭാടങ്ങളില്ലാത്ത ലേ ഔട്ട്‌ മനോഹരം. ഒന്നിലധികം പേര്‍ ഇരുന്നു ചെയ്‌തതിന്റെ വൃത്തി കാണാനുണ്ട്‌ ഓണപ്പതിപ്പിന്റെ ഓരോ താളിലും.
അണിയറക്കാര്‍ അഭിനന്ദനം മാത്രമല്ല, പിന്തുണയും അര്‍ഹിക്കുന്നുണ്ട്‌.


എസ്‌.എം.എസ്‌
1
ചിരി - ജീവിതത്തിന്റെ മേല്‍വിലാസമാണ്‌.
ചിരി - വിജയത്തിലേക്കുള്ള വഴിയാണ്‌.
ചിരി - ഹൃദയം കവരാനുള്ള എളുപ്പവഴിയാണ്‌.
ചിരി - നല്ല മനസ്സിന്റെ പ്രകടനമാണ്‌.
ചിരി - വ്യക്തിത്വത്തിന്റെ പ്രകാശനമാണ്‌.
ചിരി - ഏതു കോപവും അലിയിച്ചു കളയാനുള്ള മാന്ത്രിക മരുന്നാണ്‌.
.
.
.
എന്നു കരുതി ഒരു മാതിരി മറ്റേ ഇളി ഇളിക്കരുത്‌.
2
ആണ്‍കുട്ടികളുടെ ഹൃദയങ്ങള്‍ പുണ്യസ്ഥലങ്ങളാണ്‌. അതു കൊണ്ടാണ്‌ അവര്‍ I love you
എന്നു പറയുമ്പോള്‍ പെണ്‍കുട്ടികള്‍ ചെരിപ്പ്‌ അഴിക്കുന്നത്‌.

1 comment:

ഷാഫി said...

ചന്ദ്രിക വാരാന്തപ്പതിപ്പിലെ കോളത്തില്‍ നിന്ന്‌