Saturday, October 17, 2009

ടൂത്ത്‌പിക്കുകള്‍ പല്ലിട കുത്താനുള്ളതല്ല


നിയാണ്ടര്‍താല്‍ കാലഘട്ടത്തോളം പഴക്കമുണ്ട്‌ ടൂത്ത്‌പിക്കുകളുടെ ചരിത്രത്തിന്‌. ടൂത്ത്‌ബ്രഷ്‌ കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ്‌ ഉറപ്പുള്ളതും മൃദുവും കനംകുറഞ്ഞതുമായ മരക്കഷ്‌ണങ്ങളായിരുന്നു മനുഷ്യന്‍ പല്ല്‌ വൃത്തിയാക്കാനുപയോഗിച്ചിരുന്നതെന്നു നരവംശ ശാസ്‌ത്രജ്ഞര്‍ പറയുന്നു. വടക്കന്‍ ഇറ്റലിയിലെ ആല്‍പ്‌സ്‌ പര്‍വതനിരകളില്‍ കണ്ടെത്തിയ ചരിത്രാതീത കാലത്തെ ശവക്കല്ലറകളിലൊന്നില്‍ നിന്ന്‌ ചെമ്പ്‌ കൊണ്ടു നിര്‍മ്മിച്ച ടൂത്ത്‌പിക്കുകള്‍ കണ്ടെടുക്കപ്പെട്ടിരുന്നു. മെസപ്പെട്ടോമിയന്‍, റോമന്‍ സംസ്‌കാരങ്ങളിലും ഈ കുഞ്ഞുപകരണത്തിന്‌ പ്രാധാന്യമുണ്ടായിരുന്നുവെന്നും റോമില്‍ വെള്ളികൊണ്ട്‌ പല്ലുകുത്തികള്‍ നിര്‍മ്മിച്ചിരുന്നു എന്നും ചരിത്രം. പതിനേഴാം നൂറ്റാണ്ടില്‍ സമ്പന്നര്‍ക്ക്‌ ആഭരണങ്ങള്‍ക്കു സമാനമായ ആഢംബര വസ്‌തുവായിരുന്നു അത്‌. സ്വര്‍ണ്ണം തുടങ്ങിയ ലോഹങ്ങളും വിലകൂടിയ പലതരം കല്ലുകളും ടൂത്ത്‌പിക്കുണ്ടാക്കാന്‍ ഉപയോഗിക്കപ്പെട്ടു. 1869-ല്‍ ചാള്‍സ്‌ ഫോസ്‌റ്റര്‍ പല്ലുകുത്തി യന്ത്രം കണ്ടുപിടിച്ചു; 1972-ല്‍ സിലാസ്‌ നോബിളും ജെ.പി കൂളിയും ചേര്‍ന്നു നിര്‍മ്മിച്ച മറ്റൊരു യന്ത്രം പേറ്റന്റ്‌ നേടുകയും ചെയ്‌തു.

പല്ലിടയില്‍ കുത്തുന്നതിനുള്ള ഈ ചെറിയ ഉപകരണം, അര്‍ഹതയില്ലാത്തതിനാലാവാം അതിനപ്പുറത്തേക്ക്‌ വളര്‍ന്നില്ല. തീപ്പെട്ടിക്കമ്പോ സേഫ്‌റ്റി പിന്നോ പോലെ നിസ്സാരമായ ഉപകരണമായി അത്‌ സ്ഥിരപ്പെട്ടു. ഇപ്പോള്‍ അമേരിക്കക്കാരനായ സ്റ്റാന്‍ മുണ്‍റോ ആണ്‌ ടൂത്ത്‌പിക്കിനെ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്‌. സ്റ്റാനിന്റെ കൈയില്‍ അത്‌ പല്ലിട കുത്തുന്ന വസ്‌തുവല്ല, അത്ഭുതങ്ങള്‍ ഉണ്ടാക്കുവാനുള്ള ആയുധമാണ്‌.

ടൂത്ത്‌പിക്കുകള്‍ കൊണ്ട്‌ ലോകത്തെ വന്‍കെട്ടിടങ്ങളുടെ മിനിയേച്ചറുകള്‍ സൃഷ്ടിക്കുക എന്നതാണ്‌ ന്യൂയോര്‍ക്കിലെ സിറാക്യൂസ്‌ നിവാസിയായ സ്‌റ്റാന്‍ മുണ്‍റോയുടെ ഹോബി. ഹോബി അല്ല, ജീവിതം എന്നു പറയണം. 2004-ല്‍ ഈ ഉദ്യമത്തിലേക്ക്‌ മുന്നിട്ടിറങ്ങി ആദ്യ കൊള്ളി കൈയിലെടുത്തതിനു ശേഷം താജ്‌മഹല്‍, മസ്‌ജിദുല്‍ ഹറാം, തുര്‍ക്കിയിലെ സോഫിയ മസ്‌ജിദ്‌, ബുര്‍ജ്‌ അല്‍ ദുബൈ, ലണ്ടനിലെ കാനറി വാര്‍ഫ്‌, ന്യുയോര്‍ക്കിലെ സിറ്റികോര്‍പ്പ്‌ ബില്‍ഡിംഗ്‌, ബ്രൂക്ക്‌ലിന്‍ ടവര്‍, ക്രിസ്ലര്‍ ബില്‍ഡിംഗ്‌, ഡി.ഇസഡ്‌ ബാങ്ക്‌, എംപയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗ്‌, യാങ്കി സ്‌റ്റേഡിയം, വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍, ടൊറണ്ടോയിലെ റിയല്‍ സി.എന്‍ ടവര്‍, പാരീസിലെ ഈഫല്‍ ടവര്‍, ഗിസയിലെ പിരമിഡ്‌, ക്വീന്‍ മേരി 2 കപ്പല്‍, സിഡ്‌നിയിലെ ഓപ്പറ ഹൗസ്‌, ചൈനയിലെ റിയല്‍ തായ്‌പെയ്‌, ടോക്കിയോ സിറ്റി ഹാള്‍, ബ്രൂണൈയിലെ സുല്‍ത്താന്‍ ഉമര്‍ അലി മസ്‌ജിദ്‌, ജര്‍മനയിലെ ഗ്രേറ്റ്‌ സിനഗോഗ്‌ തുടങ്ങി നൂറ്റമ്പതോളം മിനിയേച്ചറുകള്‍ സ്‌റ്റാന്‍ മുണ്‍റോ സൃഷ്ടിച്ചു കഴിഞ്ഞു. ഒറിജിനലിനെ വെല്ലുന്ന നിര്‍മ്മിതികളാണ്‌ ഇവയില്‍ മിക്കതും. ലോകത്തെ ശ്രദ്ധേയമായ കെട്ടിടങ്ങളെല്ലാം അണിനിരത്തി നഗരങ്ങള്‍ സൃഷ്ടിക്കുകയാണ്‌ മുണ്‍റോ ചെയ്യുന്നത്‌. 2005-ലെ ഗ്രേറ്റ്‌ ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റ്‌ ഫെയറില്‍ പ്രദര്‍ശിപ്പിച്ച ടൂത്ത്‌പിക്ക്‌ സിറ്റി 1-ല്‍ അംബര ചുംബികളായ വന്‍ മന്ദിരങ്ങളെയാണ്‌ അണിനിരത്തിയത്‌. എവിടെ പ്രദര്‍ശിപ്പിക്കുമെന്ന്‌ നിശ്ചയിച്ചിട്ടില്ലാത്ത ടൂത്ത്‌പിക്ക്‌ സിറ്റി 2-ല്‍ ആരാധനാലയങ്ങളും ടവറുകളുമാണ്‌ ഒരുങ്ങുന്നത്‌. ഇസ്‌്‌ലാം, ക്രൈസ്‌തവ, ജൂത, ബുദ്ധ മതങ്ങളിലെ ആരാധനാലയങ്ങളും വന്‍നഗരങ്ങളുടെ മുദ്രകളായ ടവറുകളും പാലങ്ങളും ടൂത്ത്‌പിക്ക്‌ സിറ്റി 2-നു വേണ്ടി നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞു.

ടൂത്ത്‌പിക്ക്‌, പശ, പിന്നെ അപാരമായ ക്ഷമയും. സ്റ്റാന്‍ മുണ്‍റോയുടെ അസംസ്‌കൃത വസ്‌തുക്കള്‍ ഇവയാണ്‌. ഉരുണ്ടതും ചതുരാകൃതിയിലുള്ളതുമായ ടൂത്ത്‌പിക്കുകളാണ്‌ ഉപയോഗിക്കുന്നത്‌. മിനിയേച്ചര്‍ രൂപങ്ങളുടെ ഉള്‍വശം പൊള്ളയാണ്‌. കാര്‍ഡ്‌ബോര്‍ഡിനേക്കാളുറപ്പുണ്ട്‌ ടൂത്ത്‌പിക്കും പശയും ചേര്‍ന്ന മിശ്രിതത്തിനെന്നു പറയുന്നു മുണ്‍റോ. പണി കഴിഞ്ഞ രൂപങ്ങള്‍ സ്ഥലം മാറ്റാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കും. പൊടിപറ്റാം, വീണുടയാം- അതിനാല്‍ പണിക്കിടയിലെ ശ്രദ്ധ പോലെയാണ്‌ പണികഴിഞ്ഞവ കൊണ്ടുള്ള പെരുമാറ്റവും.

രണ്ടു കൊല്ലം ഇടവേളയില്ലാതെ പണിയെടുത്താണ്‌ ഒന്നാമത്തെ ടൂത്ത്‌പിക്ക്‌ സിറ്റി നിര്‍മ്മിച്ചത്‌. സ്റ്റാന്‍ പ്രതീക്ഷിക്കുന്നതു പോലെ ഇക്കൊല്ലം പണിതീരുകയാണെങ്കില്‍ ടൂത്ത്‌പിക്ക്‌ സിറ്റി 2-നു വേണ്ടി ചെലവാകുന്നത്‌ നാലു വര്‍ഷങ്ങളാണ്‌.

2003 വരെ ജന്മനഗരമായ റോചസ്‌റ്ററിലെ 13 വാം ടെലിവിഷനിലെ റിപ്പോര്‍ട്ടറായിരുന്നു സ്‌റ്റാന്‍ മുണ്‍റോ. അതിനു മുമ്പ്‌ അദ്ദേഹം ഡിറ്റക്ടീവ്‌ മാഗസിനുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. നഗരത്തിലുടനീളം സഞ്ചരിച്ച്‌ ക്രൈംസ്റ്റോറികളെഴുതി സ്‌റ്റാന്‍. പക്ഷേ, അക്കാലത്തും ശീലമായി ടൂത്ത്‌പിക്കിംഗ്‌ കൂടെയുണ്ടായിരുന്നു. വല്ലപ്പോഴും നിര്‍മിച്ചിരുന്ന രൂപങ്ങള്‍ വിശേഷാവസരങ്ങളില്‍ കൂട്ടുകാര്‍ക്ക്‌ സമ്മാനമായി നല്‍കി. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആര്‍ട്ട്‌ ടീച്ചറുടെ ആശയപ്രകാരമാണ്‌ സ്റ്റാന്‍ മുണ്‍റോ ആദ്യമായി ടൂത്ത്‌പിക്ക്‌ രൂപമുണ്ടാക്കുന്നത്‌. ആറ്‌ ഇഞ്ച്‌ ഉയരത്തില്‍, കോഴിമുട്ട താങ്ങിനിര്‍ത്താവുന്നൊരു രൂപമായിരുന്നു അത്‌.

2005-ല്‍ ടൂത്ത്‌പിക്ക്‌ സിറ്റി 1-മായി സ്റ്റാന്‍ ഗിന്നസ്‌ ബുക്ക്‌ അധികൃതരെ സമീപിച്ചു. ഏറ്റവും കൂടുതല്‍ ടൂത്ത്‌പിക്കുകളുപയോഗിച്ച്‌ ശില്‌പം നിര്‍മ്മിച്ചുവെന്ന റെക്കോര്‍ഡ്‌ മുണ്‍റോക്കു തന്നെ എന്നുറപ്പിച്ച ഘട്ടത്തില്‍, അമേരിക്കക്കാരനായ മറ്റൊരാള്‍ അപേക്ഷ സമര്‍പ്പിച്ചു. മൂന്ന്‌ ദശലക്ഷം ഫ്‌ളാറ്റ്‌ ടൂത്ത്‌പിക്കുകള്‍ (സാധാരണ ടൂത്ത്‌പിക്കുകളുടെ മൂന്നിലൊന്ന്‌ മാത്രം വലുപ്പമുള്ളവ) കുത്തിനിറച്ച്‌ നിര്‍മിതി നടത്തിയ അയാള്‍ റെക്കോര്‍ഡ്‌ കൊണ്ടുപോയി. തന്റെ ബില്‍ഡിംഗുകളുടെ ഉള്ളു പൊള്ളയാണെന്നും അതിനാല്‍ റെക്കോര്‍ഡ്‌ തനിക്കാണെന്നും അധികൃതരോട്‌ പറഞ്ഞു നോക്കി സ്‌റ്റാന്‍. "പൊള്ളയായ സ്ഥലങ്ങളില്‍ ടൂത്ത്‌പിക്കുകള്‍ നിറച്ചുവരൂ.' എന്നായിരുന്നു ഗിന്നസ്‌ അധികൃതരുടെ മറുപടി. രണ്ടാം ടൂത്ത്‌പിക്ക്‌ സിറ്റിക്കു പക്ഷേ, ലോക റെക്കോര്‍ഡ്‌ ഉറപ്പാണെന്ന്‌ സ്റ്റാന്‍ മുണ്‍റോക്ക്‌ ഉറച്ച വിശ്വാസമാണ്‌. തന്റെ നിര്‍മിതിയേക്കാളുയരത്തില്‍ ലോകത്തെവിടെയും മറ്റൊരു ടൂത്ത്‌പിക്ക്‌ സിറ്റി നിര്‍മിക്കപ്പെടുന്നില്ലെന്നദ്ദേഹം കരുതുന്നു.

ഒരു മണിക്കൂര്‍ മുതല്‍ ആറു മാസം വരെയാണ്‌ ഒരു നിര്‍മിതിക്കു വേണ്ടിയെടുക്കുക. വാഷിംഗ്‌ടണ്‍ സ്‌മാരകം ഒറ്റദിവസം കൊണ്ടാണ്‌ തീര്‍ത്തത്‌. യാങ്കി സ്‌റ്റേഡിയത്തിന്റെ പണിതീരാന്‍ ഒരു മാസമെടുത്തു. രണ്ടു മാസം കൊണ്ടാണ്‌ വത്തിക്കാന്‍ പണിതത്‌. ഏറ്റവുമധികം സമയമെടുത്തത്‌ ന്യൂയോര്‍ക്കിലെ ക്രിസ്ലര്‍ ബില്‍ഡിംഗ്‌ ഉണ്ടാക്കിത്തീര്‍ക്കാനാണ്‌. സ്റ്റാന്‍ മുണ്‍റോയുടെ ഡോക്ടറായ ഭാര്യയുടെ ഏറ്റവും പ്രിയപ്പെട്ട ബില്‍ഡിംഗായിരുന്നു അത്‌.

മതേതരത്വത്തിന്റെ പ്രതീകമാകാന്‍ പോകുന്ന ടൂത്ത്‌പിക്ക്‌ സിറ്റി-2 പ്രദര്‍ശിപ്പിക്കുന്നതെവിടെയെന്ന്‌ മുണ്‍റോ ഇനിയും തീരുമാനിച്ചിട്ടില്ല. ഉചിതമായ സ്ഥലം വല്ലതും നിങ്ങളുടെ മനസ്സിലുണ്ടെങ്കില്‍ stan@toothpickcity എന്ന വിലാസത്തിലേക്ക്‌ ഇമെയ്‌ല്‍ ചെയ്‌ത്‌ തന്നെ അറിയിക്കണമെന്ന്‌ സ്‌റ്റാന്‍ മുണ്‍റോ തന്റെ വെബ്‌സൈറ്റിലൂടെ ആരാധകരോടഭ്യര്‍ത്ഥിക്കുന്നു.

4 comments:

Basheer Vallikkunnu said...

ടൂത്ത് പിക്ക് കൊണ്ട് എന്റെയൊരു ഫോട്ടോ വരക്കാമോ എന്ന് കക്ഷിയോടു ചോദിക്കണമെന്നുണ്ട് .

vijayakumarblathur said...

നല്ല രസമുള്ള ഭാഷ..ആദ്യമായാണിവിടെ സന്ദർശിക്കുന്നത്..ആസംസകൾ

Pranavam Ravikumar said...

Good caption!

ശ്രീജിത് കൊണ്ടോട്ടി. said...

എഴുത്ത് നന്നായിട്ടുണ്ട്.. ആശംസകള്‍..:)